ഇത് നിര്‍മ്മാണത്തിലുള്ള വെബ്സൈറ്റാണ്.ഇതിലെ ഉള്ളടക്കം അപൂര്‍ണ്ണമാണ്.
മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് ചരിത്രം

സാമൂഹിക-സാംസ്കാരികചരിത്രം

മാതൃരാജ്യത്തിന്റെ രക്ഷയ്ക്കുവേണ്ടി പൊരുതി മരിച്ച നൂറുക്കണക്കിന് യോദ്ധാക്കളുടെ നാടാണ് ഈ ഗ്രാമം. ഒന്നും രണ്ടും പുറക്കാടു യുദ്ധങ്ങളില്‍ ചെമ്പകശേരി രാജാവിനെ സഹായിച്ചത് ഇവിടുത്തെ കാട്ടൂരില്‍ നിന്നുള്ള കുടുംബങ്ങള്‍ ആയിരുന്നു. ഈ യുദ്ധത്തില്‍ വീരമൃത്യു വരിച്ചവരുടെ ജഡങ്ങള്‍ കെട്ടുവള്ളത്തില്‍ കൊണ്ടുവന്ന് ഇവിടുത്തെ ഹനുമാന്‍ ക്ഷേത്രത്തിനു സമീപമുള്ള പുരയിടങ്ങളില്‍ സംസ്കരിച്ചു എന്ന് പഴമക്കാര്‍ പറയുന്നു. സ്വാതന്ത്ര്യനന്തരം ഇന്ത്യയുമായി ബന്ധപ്പെട്ടു നടന്ന യുദ്ധങ്ങളില്‍ മാതൃരാജ്യത്തിന്റെ സംരക്ഷണത്തിനായുള്ള ധീരപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട് വീരചരമമടഞ്ഞ സുബേദാര്‍ പി.എം.ശൃഗേരിയുടേയും നാടാണിത്. ചരിത്രരേഖകളില്‍ കാട്ടൂര്‍ ആദ്യമായി സ്ഥാനം പിടിക്കുന്നത് ഫാദര്‍ ജോര്‍ഡ് കുര്‍ഹാമാര്‍ എസ്.ജെ 1644-ല്‍ എഴുതിയ പുസ്തകത്തില്‍ ആണ്. പ്രസ്തുത ഗ്രന്ഥത്തില്‍ കാട്ടൂരില്‍ അന്ന് 300 ക്രിസ്താനികള്‍ ഉണ്ടായിരുന്നുവെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ക്രിസ്ത്യന്‍സമൂഹത്തിന്റെ സ്വാധീനം ഇവിടുത്തെ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളുടെ വികസനത്തിന് സഹായകമായി ഭവിച്ചിട്ടുണ്ട്. 1860-ല്‍ സ്ഥാപിച്ച വൈദിക പഠനകേന്ദ്രമാണ് ചരിത്രരേഖകളില്‍ ഇവിടുത്തെ ആദ്യത്തെ വിദ്യാഭ്യാസസ്ഥാപനം. സ്ഥാപകനായ പണ്ഡിത ശ്രേഷ്ഠന്‍ ഫാ: പീറ്റര്‍ പാവിള്‍ പ്രസന്റേഷന്‍ തന്നെ സ്വന്തം സ്ഥലം സ്കൂള്‍ നിര്‍മ്മിക്കുന്നതിന് സൌജന്യമായി വിട്ടുകൊടുക്കുകയായിരുന്നു. 1860-കളില്‍ ജാതിമതഭേദമന്യേ എല്ലാവര്‍ക്കും പഠിക്കാവുന്ന ഒരു സ്ഥാപനം ഇതോടെ ഉദയം ചെയ്യുകയായിരുന്നു. അന്നുവരെ ആശാന്‍ കളരികളുംആയോധനകളരികളും ആയിരുന്നു ഈ പ്രദേശത്തെ പ്രധാന വിദ്യാകേന്ദ്രങ്ങള്‍. പൌരാണിക കാലം മുതല്‍ക്കേ മുത്തേടത്തുരാജാവിന്റെ സൈന്യാധിപസ്ഥാനം യുദ്ധകാലങ്ങളില്‍ വഹിച്ചിരുന്നത് കാട്ടൂരിലെ തൈശ്ശേരി കുടുംബക്കാരായിരുന്നു. ഈ പ്രദേശത്ത് പ്രശസ്തമായ ആയോധനകളരികള്‍ സ്ഥാപിക്കപ്പെട്ടിരുന്നു. ഹനുമാന്റെ പ്രതിഷ്ഠയുള്ള പുതിയ വീട്ടില്‍ ക്ഷേത്രം തന്നെ ഇതിനു തെളിവാണ്. വി.എം.സ്കൂള്‍ എന്നറിയപ്പെട്ട സ്കൂളിന്റെ സ്ഥാപനത്തോടെ ജനങ്ങള്‍ അക്ഷരപഠനം സ്ക്കൂളിലേക്ക് മാറ്റുകയും ചെയ്തു. ആലപ്പുഴക്കും ചേര്‍ത്തലയ്ക്കും മധ്യേ ആദ്യമായി ഒരു ലൈബ്രറി സ്ഥാപിക്കപ്പെട്ടത് ഈ വിദ്യാലയവുമായി ബന്ധപ്പെട്ടായിരുന്നു. പണ്ടുകാലത്ത് വളരെ വാണിജ്യപ്രധാനമുള്ള ഒരു ഗ്രാമമായിരുന്നു മാരാരിക്കുളം തെക്ക്. ഇവിടെ ഒരു കാലത്ത് പത്തേമാരികളില്‍ വിദേശത്തുനിന്ന് സാധനങ്ങള്‍ കൊണ്ടുവന്ന് കച്ചവടം ചെയ്തിരുന്നു. ഈ പഞ്ചായത്തിന്റെ രണ്ട് അതിര്‍ത്തികേന്ദ്രങ്ങളിലും അക്കാലത്ത് ചൌക്കകള്‍ (ഇന്നത്തെ കസ്റ്റംസ്) പ്രവര്‍ത്തിച്ചിരുന്നു. ഈ ചൌക്ക അടുത്തകാലം വരെ തുമ്പോളി കടപ്പുറത്ത് ഉണ്ടായിരുന്നുവെന്നതിന് തെളിവാണ് ഇന്നുമുളള ചൌക്കകടവ്. അതുപോലെ തന്നെ കാട്ടൂരില്‍ നിന്നും ചെമ്മീന്‍, പരിപ്പ്കൊപ്രഎണ്ണമത്സ്യഎണ്ണഉണക്കമീന്‍, തമ്പകത്തടി മുതലയാവ കയറ്റി അയച്ചിരുന്നു. മാത്രമല്ല വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, കല്ല്ഓട്ഉപ്പ് മുതലായവ ഇറക്കുമതിയും ചെയ്തിരുന്നു. വളരെ പ്രാചീനങ്ങളായ ദേവാലയങ്ങള്‍ ഈ ഗ്രാമത്തിലുണ്ട്. 1539-ല്‍ സ്ഥാപിച്ച കാട്ടൂര്‍ പള്ളിക്കാണ് ഇതില്‍ പ്രഥമസ്ഥാനം. ചെറിയകലവൂര്‍ ധര്‍മ്മശാസ്താക്ഷേത്രമാണ് ഈ പഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രം. ഈ ക്ഷേത്ര ശ്രീകോവിലിനും ശബരിമല അയ്യപ്പക്ഷേത്ര ശ്രീകോവിലിനും തച്ചുശാസ്ത്രപ്രകാരം ഒരേ അളവാണെന്നും രണ്ടിന്റെയും നിര്‍മ്മാതാവ് ഒരാള്‍ തന്നെയായിരുന്നു എന്നും പറയപ്പെടുന്നു. തച്ചുശാസ്ത്രവൈദഗ്ധ്യത്തിന്റെ പൌരാണികമേന്മക്ക് ഈ ക്ഷേത്രം ഉത്തമദൃഷ്ടാന്തമാണ്. വിദേശവസ്ത്രബഹിഷ്കരണവുമായി ബന്ധപ്പെട്ട് 1930-കളില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന സമരങ്ങളിലും തുടര്‍ന്ന് 1938-ല്‍ ബ്രീട്ടിഷ് ഭരണത്തിനെതിരായും പ്രായപൂര്‍ത്തി വോട്ടവകാശത്തിനുവേണ്ടിയും ജനങ്ങള്‍ സംഘടിച്ചിട്ടുണ്ട്. തിരുവിതാംകൂര്‍ ലേബര്‍ അസോസിയേഷന്റെയും പിന്നീട് രൂപം കൊണ്ട തിരുവിതാംകൂര്‍ കയര്‍ഫാക്ടറി വര്‍ക്കേഴ്സ് അസോസിയേഷന്റേയും അവകാശപോരാട്ടങ്ങള്‍ക്കും ഈ പഞ്ചായത്തിലെ സംഘടിത തൊഴിലാളികള്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ജന്മിത്തം ഈ നാട്ടില്‍ കൊടികുത്തിവാണിരുന്നു. നിരന്തരമായ കുടിയൊഴിപ്പിക്കല്‍ നടമാടിയിരുന്നു. ജന്മിമാരുടെ ഇച്ഛാനുവര്‍ത്തികളായില്ലെങ്കില്‍ ഗുണ്ടകളുടെയും പോലീസിന്റെയും ക്രൂരമായ നിരന്തര മര്‍ദ്ദനങ്ങള്‍ക്കും പീഡനങ്ങള്‍ക്കും വിധേയരാകേണ്ടിയും വന്നിരുന്നു. മത്സ്യത്തൊഴിലാളികളും കൊടിയ ചൂഷണത്തിന് വിധേയപ്പെട്ടുകൊണ്ടിരുന്നു. 1957-ല്‍ പ്രഖ്യാപിച്ചതും 1969-ല്‍ പാസാക്കിയതുമായ ഭൂപരിഷ്കരണനിയമം ഈ അവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കി. രാജവാഴ്ചക്കും ദിവാന്‍ ഭരണത്തിനുമെതിരെ സ്വാതന്ത്യത്തിനുംകിടന്നുറങ്ങുന്ന സ്വന്തം ഭൂമിക്കും വേണ്ടി നടന്ന ഉജ്ജ്വലമായ പുന്നപ്ര-വയലാര്‍ സമരം പഞ്ചായത്തിലെ ആബാലവൃദ്ധം ജനങ്ങളേയും ഇളക്കി മറിച്ചു. മാരാരിക്കുളത്തും കാട്ടൂരും ധീരമായ ചെറുത്തുനില്‍പുണ്ടായി. കാട്ടൂര്‍ ക്യാമ്പില്‍ ഭീകരമായ വെടിവെയ്പു നടന്നു. കാട്ടൂര്‍ ക്യാമ്പിന്റെ നേതൃത്വം ധീരനായ കാട്ടൂര്‍ ജോണ്‍കുട്ടി എന്നു വിളിച്ചിരുന്ന പള്ളിപ്പറമ്പില്‍ ജോണ്‍കുട്ടിക്കായിരുന്നു. മാറുമറക്കാനും മീശ വെയ്ക്കാനും അവകാശമില്ലാതിരുന്ന കാലത്ത് തെക്കേ പാലക്കല്‍ സെലസ്റ്റല്‍ എന്ന ധീരന്‍ മീശ വെച്ചതിന് നാലുചക്രം പിഴയായി കമ്പനിയില്‍ നല്‍കേണ്ടി വന്ന ചരിത്രവും ഈ ഗ്രാമത്തിനുണ്ട്. കയര്‍ വ്യവസായമേഖലകളെയും മത്സ്യബന്ധമേഖലയേയും ആശ്രയിച്ചുകഴിയുന്നവരാണ് ജനങ്ങളില്‍ ഏറിയ പങ്കും. കാര്‍ഷിക മേഖലയെ ആശ്രയിക്കുന്നവരും കുറവല്ല. ഈ പഞ്ചായത്തിന് ആദ്യം 12 വാര്‍ഡുകളാണുണ്ടായിരുന്നത്. ആദ്യ പഞ്ചായത്തിന്റെ പ്രസിഡന്റായിരുന്നു ലിയോണ്‍പിള്ള തോമസ്.